നിരവധിക്കണക്കിന് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയാണ് അനു. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്ക്രീനിൽ കണ്ടത്. പഴയൊരു പിറന്നാൾ ആഘോഷത്തിന്റെ ഓർമ്മ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ.
കുട്ടിക്കാലത്തെ ആദ്യം ഓർമ വരുന്ന ആഘോഷം എന്റെയും അനിയത്തിയുടെയും പിറന്നാളുകളാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള എന്റെ ബർത്ത് ഡേ നല്ല ഓർമയുണ്ട്. അന്ന് എന്നെ സാരിയൊക്കെ ഉടുപ്പിച്ചിട്ടാണ് മമ്മി സ്കൂളിലേക്ക് അയച്ചത്. അതു കണ്ട് കുട്ടികളൊക്കെ എന്റെ ചുറ്റും കൂടി. ചെറിയ പ്രായത്തിൽ സാരിയൊക്കെ ഉടുത്ത് പോയത് മറക്കാനാകില്ല. ഒരിക്കൽ അനിയത്തിയുടെ പിറന്നാൾ ദിനത്തിൽ ഒരു ആൻറിക്ക് ബർത്ത് ഡേ ആരുടേതാണെന്ന് മാറിപ്പോയി. എന്റെ പിറന്നാളാണെന്ന് കരുതിയാണ് പാത്തു എന്ന് വിളിക്കുന്ന ഞങ്ങളുടെ താത്ത സമ്മാനവുമായി എത്തിയത്. എനിക്ക് ഗിഫ്റ്റായി ഡ്രസ്സും തന്നു. പിറന്നാൾ ആഘോഷിക്കുന്ന അനിയത്തി ഒരുപാട് സമ്മാനങ്ങൾ കിട്ടി സന്തോഷത്തിലായിരുന്നു. അതു കണ്ട് വിഷമത്തിലായ എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ ഗിഫ്റ്റ് കുഞ്ഞുപ്രായത്തിലെ വലിയ സന്തോഷമായിരുന്നു.