മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ, ബോളിവുഡ് താരം പ്രാചി ടെഹ്ലൻ, അനു സിതാര, സിദ്ദിഖ്, സുരേഷ് കൃഷ്ണ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന മാമാങ്കത്തിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. എം പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടേയും പദ്മകുമാറിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. അമ്പതു കോടിയോളം രൂപ മുടക്കി ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. ഈ വമ്പൻ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി അനു സിതാര.
ഈ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ തനിക്കു ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെ കുറിച്ചായിരുന്നു എന്ന് അനു സിതാര പറയുന്നു. എന്നാൽ പിന്നീട് തനിക്കു സൗകര്യ പ്രദമായ രീതിയിൽ അവർ വസ്ത്രങ്ങൾ ഒരുക്കി തന്നു എന്നും അതോടു കൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകൾ മാറി എന്നും അനു സിതാര പറഞ്ഞു. വളരെ കുറച്ചു ദിവസമേ ഈ ചിത്രത്തിൽ തനിക്കു ഷൂട്ട് ഉണ്ടായിരുന്നുള്ളു എന്നും നടി പറയുന്നു. വലിയ ചിത്രങ്ങൾ അന്യ ഭാഷയിൽ കാണുമ്പോൾ അതുപോലെ മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും ഇപ്പോൾ മാമാങ്കം പോലെ ഒരു വലിയ ചിത്രം മലയാളത്തിൽ സംഭവിച്ചപ്പോൾ അതിന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് എന്നും അനു സിതാര വിശദീകരിക്കുന്നു. അപ്രതീക്ഷിതമായി ആണ് ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് എന്നും അനു സിതാര കൂട്ടിച്ചേർത്തു.