ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഇതുവരെ നേടിയ ആഗോള കളക്ഷൻ 150 കോടിക്ക് മുകളിലാണ്. ആദ്യം മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ ഓവർസീസ് മാർക്കറ്റിൽ നിന്നും 52 കോടിയോളം കളക്ഷൻ നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടിയോളമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ 150 കോടിയോളം കളക്ഷൻ നേടിയ ചിത്രം ചരിത്ര വിജയമായി മാറുകയാണ് എന്ന് പറയുവാൻ സാധിക്കും. ഈ വർഷം റിലീസ് ചെയ്ത പേട്ട എന്ന രജനികാന്ത് ചിത്രത്തിന്റേയും, വിശ്വാസം എന്ന അജിത് ചിത്രത്തിന്റെയും ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഉറങ്ങി കിടന്ന തമിഴ് സിനിമയെ വലിയ വിജയത്തോടെ ഉണർത്തിയത് അസുരനാണ്.
ടോട്ടൽ ബിസിനസ് അടക്കം 150 കോടി രൂപ നേടിയ അസുരന് പിന്നാലെ ഇപ്പോൾ ബിഗിൽ ആദ്യ മൂന്നുദിവസംകൊണ്ട് 150 കോടി നേടിയപ്പോൾ തമിഴ് സിനിമ വൻ കുതിപ്പാണ് നടത്തുന്നത്. കാർത്തി നായകനായെത്തിയ കൈദി എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. തമിഴ് നാട്ടിലും ആദ്യ വീക്കെൻഡിൽ 66 കോടിയോളം ആണ് ബിഗിൽ നേടിയത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വിജയത്തോടെ ആറ്റ്ലി-വിജയ് ടീം ഹാട്രിക്ക് ബോക്സ് ഓഫീസ് വിജയമാണ് സ്വന്തമാക്കിയത്.
മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ ബിഗിളിന് മുൻപ് സംവിധാനം ചെയ്തത്. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അറ്റ്ലീയും വിജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ബിഗിളിന് ശേഷം അറ്റ്ലീയുടെ അടുത്ത ചിത്രമേതാണ് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.