മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നു വരികയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഏവരും മരക്കാറിനായി കാത്തിരിക്കുമ്പോൾ ബറോസിന്റെ ഷൂട്ട് വീണ്ടും തുടങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലാലേട്ടൻ. ഈ മാസം പതിനഞ്ചിന് ഷൂട്ട് തുടങ്ങുമെന്നാണ് ലാലേട്ടൻ പറഞ്ഞത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വലുതായതിനാൽ ഷൂട്ട് ചെയ്ത ഭാഗങ്ങൾ വീണ്ടും ഒരിക്കൽക്കൂടി ഷൂട്ട് ചെയ്യണമെന്നാണ് ലാലേട്ടൻ വ്യക്തമാക്കിയത്. മരക്കാറിനേക്കാൾ വലിയ ചിത്രമായിരിക്കും ബറോസെന്നും ലാലേട്ടൻ വെളിപ്പെടുത്തി.