Saturday, July 24

“ഞാൻ ഇപ്പോൾ സുഖമായി വീട്ടിലുണ്ട്.. ക്വാറന്റൈൻ കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് കാണാൻ വരും” ബീന ആന്റണി

Pinterest LinkedIn Tumblr +

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മനോജ് – ബീന ആന്റണി. ഇരു മതവിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിലും ഇരുവരുടെയും ദാമ്പത്യജീവിതം കലാലോകത്തിന് തന്നെ ഒരു മാതൃകയാണ്. പടർന്ന് പിടിക്കുന്ന കോവിഡ് മഹാമാരിക്ക് ഇരയായി ബീന ആന്റണിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. കണ്ണീരോടെ ഈ കാര്യം ലോകത്തെ അറിയിച്ച മനോജിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും രോഗമുക്തയായി വീട്ടിലെത്തിയ ബീന ആന്റണിയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്. ഹോസ്പിറ്റലിൽ പോകാതിരുന്നത് വലിയൊരു തെറ്റായിപ്പോയി എന്നാണ് ബീന ആന്റണി പറയുന്നത്. ഒരാഴ്ച്ച ഹോം ക്വാറന്റൈൻ ആണെന്നും അതിന് ശേഷം എല്ലാവരേയും ഒന്നിച്ച് കാണാമെന്നും നടി പറയുന്നു.

എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ശ്വാസമൊക്കെ നന്നായി എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. തളര്‍ച്ച തോന്നിയപ്പോള്‍ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ വീട്ടില്‍ ആറേഴ് ദിവസം ഇരുന്നു. പക്ഷേ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിംഗ് 90ല്‍ താഴെയായപ്പോള്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വെച്ചാല്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥ. അതിന് ശേഷമാണ് ഇഎംസി ആശുപത്രിയില്‍ പ്രവേശിച്ചത്. ഡോക്ടര്‍മാരും നഴ്സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാന്‍ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാന്‍ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടു ദിവസം ഓക്സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടു പോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല.

രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടര്‍ക്ക് പോലും ഭയങ്കര അതിശയമായി. രണ്ട് ദിവസം കൊണ്ട് ഓക്സിജന്‍ മാസ്‌ക് മാറ്റാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മുതല്‍ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമുക്കായി ഓടി നടക്കുന്നു. അവരുടെ കുടുംബങ്ങള്‍ നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. കോവിഡ് ആരും നിസാരമായി എടുക്കരുത്. രണ്ട് വര്‍ഷമായി എല്ലാവരുടെയും ജീവിതം പ്രയാസകരമാണ്. ഈ സമയത്ത് ‘അമ്മ’ എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. അസുഖബാധിതയായ ഉടന്‍ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നല്‍കി. ആത്മവിശ്വാസം നല്‍കി. പറയാതിരിക്കാന്‍ വയ്യ. ആശുപത്രിയില്‍ വലിയൊരു തുകയായി. പക്ഷേ ‘അമ്മ’യുടെ മെഡി ക്ലെയിം ഉള്ളതിനാല്‍ കൈയില്‍ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാന്‍ ഈ തുക ഉപയോഗിക്കുന്നത്. ഒരുപാട് നടന്‍മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തില്‍ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. സുരേഷേട്ടന്‍, സിദ്ദിഖിക്ക, പാര്‍വതി ചേച്ചി (ജയറാം), ഹരിശ്രീ അശോകേട്ടന്‍ അങ്ങനെ ഒരുപാട് പേര്‍. മനുവിനും കൊച്ചിനും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്കും കുടുംബത്തിനും, എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇപ്പോള്‍ ഒരാഴ്ച ഹോം ക്വാറന്റീനിലാണ്. അതുകഴിഞ്ഞ് എല്ലാവരുമായി ഒന്നിച്ച് നിങ്ങളെ കാണാന്‍ വരും. ദൈവം ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവന്‍ നന്‍മ വരട്ടെ. കോവിഡ് ലോകത്ത് നിന്നു തന്നെ മാറി പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. നന്ദി.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.