നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. ഇൻസ്പെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന അഭിനയിച്ചു വരുന്നത്. പ്രജ്വൽ ദേവരാജ് നായകനാകുന്ന ചിത്രത്തിൽ രഘു മുഖർജിയും അഭിനയിക്കുന്നുണ്ട്. നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ചില ഷൂട്ടിംഗ് സ്റ്റിൽസ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഭാവന കഴിഞ്ഞ ദിവസം തന്റെ മുപ്പത്തി നാലാമത്തെ പിറന്നാൾ ആഘോഷിച്ചിരുന്നു. അന്ന് പിറന്നാൾ ആശംസകൾക്ക് നന്ദിപറഞ്ഞുകൊണ്ട് ഭാവന സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു.
‘മറ്റൊരു വർഷം അതിൻറെ എല്ലാ ഉയർച്ചകളോടും താഴ്ചകളോടും കൂടി കടന്നുപോയി. എല്ലാ കരുതലോടും സ്നേഹത്തോടും കൂടി ഒരു മികച്ച വ്യക്തിയാകാൻ എന്നെ സഹായിച്ചു. എന്റെ തന്നെ ഒരു മികച്ച പതിപ്പിനായി ഒരു പുതുവർഷം ആരംഭിക്കുകയാണ്. എന്റെ ജന്മദിനത്തിൽ ഉഷ്മളവും ആത്മാർത്ഥവുമായ ആശംസകൾ എല്ലാവർക്കും ഞാൻ വളരെയധികം നന്ദി പറയുന്നു.
നിങ്ങളിൽ നിന്ന് നിരുപാധികമായ അത്തരം സ്നേഹം ലഭിക്കുന്നതിന് എന്റെ മുൻ ജീവിതത്തിൽ ഞാൻ വളരെ നല്ല എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.. എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പോഴും സ്നേഹം..’ ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.