കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുന്ന ഒരു താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിങ്ങനെ വൻവിജയമായി തീർന്ന ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബ്രദർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ആദ്യം റീലിസിനെത്തുന്നത് സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് അടുത്ത വര്‍ഷം ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ബിഗ് ബ്രദറും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 32 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലേഡീസ് ആന്റ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
ഇത്തവണയും ഒരു ആക്ഷന്‍ കോമഡി ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സല്മാന് ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്, ഗാദ, ശില്‍പ്പ അജയന്,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ദീപക് ദേവാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സിദ്ധിഖ്,ജെന്‍സോ ജോസ്,ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന് തുടങ്ങിയവര്‍ ചേര്‍ന്നാണ്. ഈ ചിത്രത്തെ സംബന്ധിച്ച് ഇപ്പോൾ പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഓവര്‍സീസ് റൈറ്റ്സില് ചിത്രം റെക്കോര്‍ഡിട്ടതായാണ് അറിയുന്നത്. ജനുവരിയില്‍ വേള്‍ഡ് വൈഡ് റിലീസ് ആയി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ എറ്റവും വലിയ നോണ്‍-ജിസിസി ഓവര്‍സീസ് റൈറ്റ്സാണ് നേടിയെടുത്തത്.