മലയാളസിനിമയിലെ പ്രിയതാരം മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മലയാളി ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവസരം തരുമോയെന്ന് പ്രിയദർശനോട് ചോദിക്കുമെന്നും അക്ഷയ് കുമാർ പറഞ്ഞു.
ഒരുപാട് മലയാളസിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്ക് മലയാളസിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂവെന്നും അക്ഷയ് കുമാർ അറിയിച്ചു. പക്ഷേ, മലയാളം സംസാരിക്കാൻ തനിക്ക് അറിയാത്തതാണ് ഒരു പ്രശ്നമെന്നും അക്ഷയ് കുമാർ പറഞ്ഞു.
‘മലയാളസിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ, പ്രശ്നം എന്താണെന്നു വെച്ചാൽ മലയാളം സംസാരിക്കാൻ എനിക്ക് അറിയില്ല. മറ്റൊരാൾ എനിക്ക വേണ്ടി ഡബ്ബ് ചെയ്യുന്നതിൽ താൽപര്യമില്ല. സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. തമിഴിൽ രജനികാന്തിന് ഒപ്പം അഭിനയിച്ചു. കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കണം.’. മോഹൻലാലിന് ഒപ്പം ഒരു ചിത്രത്തിൽ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ അതൊരു ബഹുമതിയായി തന്നെ കരുതുമെന്നും അക്ഷയ് കുമാർ പറഞ്ഞു.