പ്രിയപ്പെട്ട സംവിധായകന് ഒരു അടിപൊളി പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സംവിധായകനായി തിളങ്ങിനിൽക്കുന്ന പൃഥ്വിരാജിന്റെ വിവിധ ഭാവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയാണ് പിറന്നാൾ സമ്മാനമായി ബ്രോ ഡാഡി ടീം തയ്യാറാക്കിയത്. സംവിധായക വേഷത്തിൽ സൂപ്പർ കൂൾ ആയാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, പിറന്നാൾ ദിനത്തിൽ മകൻ പൃഥ്വിരാജിന് ദുബായിൽ അമ്മ മല്ലിക സുകുമാരൻ ഒരു സർപ്രൈസ് നൽകിയിരുന്നു. പുതിയ സിനിമയായ ‘ഭ്രമ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ദുബായിൽ എത്തിയപ്പോൾ ആയിരുന്നു ജന്മനാളിൽ അമ്മ ഒരു സർപ്രൈസ് ഒരുക്കിയത്. മലയാളത്തിൽ ആശംസകൾ എഴുതിയ കേക്ക് ആയിരുന്നു അമ്മ മല്ലിക ദുബായിൽ എത്തിച്ചത്. കേക്കിന്റെ മുകളിൽ ‘മോന് പിറന്നാൾ ആശംസകൾ.. അമ്മ’ എന്നും എഴുതിയിരുന്നു. ദുബായിൽ ആ സമയത്ത് ഒപ്പമുണ്ടായിരുന്നവർക്ക് ഒപ്പം പൃഥ്വിരാജ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.
1982 ഒക്ടോബർ പതിനാറിനാണ് അഭിനേതാക്കളായ മല്ലിക സുകുമാരന്റെയും സുകുമാരന്റെയും മകനായി പൃഥ്വിരാജ് ജനിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമയിൽ എത്തിയ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ സംവിധാനം ചെയ്തു. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ബ്രോ ഡാഡി. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട് പൃഥ്വിരാജ്.