മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ട് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്തുവരികയുണ്ടായി.ധീര യോദ്ധാവിന്റെ പൗരുഷത്തോട് കൂടിയുള്ള മമ്മൂട്ടിയോടൊപ്പം നിർണായക വേഷം ചെയ്യുന്ന ഉണ്ണിമുകുന്ദനെയും പോസ്റ്റിൽ കാണാൻ സാധിക്കും. ഇവർക്കൊപ്പം മറ്റൊരാൾ കൂടി പോസ്റ്ററിൽ പടവെട്ടി പുറപ്പെടുന്നുണ്ട്. പോസ്റ്റർ റിലീസ് ആയതിനു ശേഷം ഏവർക്കും അറിയേണ്ടത് മമ്മൂട്ടിക്കൊപ്പം വാൾ ഉയർത്തി വായുവിൽ കുതിക്കുന്ന ആ കുട്ടി ആര് എന്നായിരുന്നു.
കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അച്ചുതൻ ആണത്. കേരളത്തിലുടനീളം കളരി പഠിച്ച യോദ്ധാക്കൾക്കായി നടത്തിയ ഓഡിഷനിൽ നിന്നാണ് അച്ചുതൻ മാമാങ്കത്തിലേക്ക് എത്തിയത്.ഒന്നാം ക്ലാസ് മുതൽ കളരി പഠിക്കുന്ന അച്ചുതൻ സിനിമയ്ക്ക് വേണ്ടി വീണ്ടും കളരി പരിശീലനം നേടി. ശരീരത്തിൽ പോലും ഗംഭീരമായ മേക്കോവറാണ് അച്ചുതൻ ചിത്രത്തിനുവേണ്ടി നടത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി അച്ചുതൻ മാമാങ്കം ടീമിനോടൊപ്പം ഉണ്ടായിരുന്നു.മാമാങ്ക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രായംകുറഞ്ഞ ചാവേർ ചന്ദ്രത്തിൽ ചന്തുണ്ണിയായി ആണ് അച്ചുതൻ എത്തുന്നത്.