മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ ട്രയിലറിനും ടീസറുകൾക്കും വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. എന്നാൽ, ചില ചെറിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വലിയ വിമർശനമായിരുന്നു ചിത്രത്തിന് എതിരെ ഉയർന്നത്. അത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. പ്രധാനമായും സിനിമയിൽ മരക്കാർ ടെലിസ്കോപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു ആരോപണം. എന്നാൽ, മരക്കാർ ഉപയോഗിച്ച ടെലിസ്കോപ്പ് എന്താണെന്നും ആ കാലഘട്ടത്തിൽ ടെലിസ്കോപ് ഉണ്ടായിരുന്നോ എന്നെല്ലാം വ്യക്തമാക്കുകയാണ് പ്രിയദർശൻ. മരക്കാർ സിനിമയെക്കുറിച്ച് മാതൃഭൂമിയിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ചത് പതിനേഴാം നൂറ്റാണ്ടിലാണെന്നും പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാർ പിന്നെ എങ്ങനെ അത് ഉപയോഗിച്ചു എന്നുമായിരുന്നു ഒരു ആരോപണം. എന്നാൽ, ആ ആരോപണത്തിന് കൃത്യമായ മറുപടി നൽകുകയാണ് പ്രിയദർശൻ. മരക്കാർ ഉപയോഗിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെറസ്ട്രിയൽ ടെലിസ്കോപ്പ് ആണെന്നാണ് പ്രിയദർശൻ പറഞ്ഞത്. പതിനേഴാം നൂറ്റാണ്ടില്‍ ഗലീലിയോ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കല്‍ ടെലിസ്കോപ്പാണ്. അതിനു മുമ്പേ പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ ടെറസ്ട്രിയല്‍ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു. മരക്കാര്‍ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയല്‍ ടെലിസ്കോപ്പാണെന്നും പ്രിയദർശൻ വ്യക്തമാക്കി.
മരക്കാറിന്റെ മുഖത്ത് ഗണപതിയുടെ രൂപം എന്ന വിമർശനത്തിനും പ്രിയദർശൻ മറുപടി പറഞ്ഞു. മരക്കാറിന്റെ മുഖത്തുള്ളത് ഗണപതിയല്ല. മറിച്ച സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കും ഇല്ലാത്തതിന്റെ പ്രശ്നമാണ് അതെന്നും പ്രിയദർശൻ വ്യക്തമാക്കി. കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടായത് സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണെന്നും പ്രിയദർശൻ വ്യക്തമാക്കി.