പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ് സിനിമയോട് നന്ദിയുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാർ സിനിമയുടെ റിലീസിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ആളുകൾ തിയറ്ററിൽ വന്ന് സിനിമ കാണാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന് തെളിയിച്ച സിനിമ ആയിരുന്നു കുറുപ്. മരക്കാർ ആദ്യം ഒ ടി ടി റിലീസ് ആയിരുന്നു തീരുമാനിച്ചതെങ്കിലും കുറുപ് തിയറ്ററുകളിൽ നേടിയ വിജയം മാറി ചിന്തിക്കാൻ മരക്കാറിന്റെ അണിയറപ്രവർത്തകർക്ക് പ്രചോദനമായി.
‘സിനിമയാണ് നമ്മുടെ നാട്ടിലെ ആകെയുള്ള വിനോദം. അതിനാൽ തന്നെ ആളുകൾ തിയറ്ററുകളിലേക്ക് പോകും. കുറുപ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം അതാണ്. തിയറ്ററകുളിലേക്ക് ആ സിനിമ കാണാൻ ആളുകളെത്തി. ആ സിനിമയോട് ഞങ്ങൾക്ക് നന്ദിയുണ്ട്. കാരണം, ആളുകൾ ഇപ്പോഴും തിയറ്ററുകളിലേക്ക് എത്തുമെന്ന് ആ സിനിമ കാണിച്ചു തന്നു’ – പ്രിയദർശൻ പറഞ്ഞു.
മരക്കാറിന്റെ കാര്യത്തിൽ തനിക്ക് യാതൊരുവിധ ടെൻഷനുമില്ലെന്നും പ്രിയദർശൻ പറഞ്ഞു. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും എന്നാണ് വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്റെ തലേന്ന് സിനിമ കണ്ടിട്ട് കാറില്‍ മോഹൻലാലിനൊപ്പം വരുമ്പോള്‍, ഈ സിനിമ എന്റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന് ലാൽ പറഞ്ഞെന്നും പ്രിയദർശൻ ഓർത്തെടുത്തു. ചിത്രം എന്ന സിനിമയ്ക്കു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാർ. കിലുക്കം പോലെയുള്ള ഹിറ്റ് സിനിമകൾ പോലും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലിയും മരക്കാറും തമ്മിൽ സാമ്യമുണ്ടെങ്കിലും അടിസ്ഥാനപരമായ ചില വ്യത്യാസങ്ങൾ ഉണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. ബാഹുബലി പൂർണമായും ഭാവനാസൃഷ്ടിയാണ്. എന്നാൽ, മരക്കാറിൽ ഒരൽപ്പം ചരിത്രമുണ്ട്. രണ്ടു സിനിമയുടെയും കാൻവാസ് വലുപ്പത്തിൽ ഒന്ന് തന്നെയാണെങ്കിലും ‘ഇത് സംഭവിച്ചേക്കാം’ എന്ന് തോന്നുന്ന ഒരു ബാലൻസ് മരക്കാറിലുണ്ട്. ഈ വ്യത്യാസമാണ് പ്രധാനമായും രണ്ട് ചിത്രങ്ങൾക്കുമിടയിൽ ഉള്ളതെന്നും പ്രിയദർശൻ പറഞ്ഞു. മോഹൻലാലും ആന്റണി പെരുമ്പാവൂരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.