ഒറിജിനൽ ടൈറ്റിലായ കാഞ്ചന മാറ്റി ലക്ഷ്മി ബോംബ് എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാഘവ ലോറൻസ്.
തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരാണ് കാഞ്ചന. കാഞ്ചന എന്നാൽ സ്വർണം എന്നാണ് അർത്ഥം. ലക്ഷ്മി ദേവിയുടെ മറ്റൊരു രൂപമാണത്. കാഞ്ചന എന്ന പേരിൽ തന്നെ സിനിമ ഒരുക്കുവാനായിരുന്നു എനിക്ക് ആഗ്രഹം.
പിന്നീടാണ് എല്ലാവരും കൂടി ചേർന്ന് ഹിന്ദി പ്രേക്ഷകർക്ക് കൂടി ഇണങ്ങുന്ന ഒരു പേര് തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. ലക്ഷ്മി എന്നല്ലാതെ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. പിന്നീടാണ് ലക്ഷ്മി ബോംബ് എന്നാക്കിയത്.
ഞാൻ ഒരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരിക്കൽ കുറേ ട്രാൻസ്ജെൻഡേർസ് അവിടെ സഹായം തേടി വന്നു. അവരുടെ പരാതികൾ കേട്ടപ്പോൾ അവരുടെ സങ്കടം ലോകത്തോട് പറയണമെന്ന് ഞാൻ കൊതിച്ചു.ബോളിവുഡ് ചിത്രത്തിലൂടെയാകുമ്പോൾ അവരുടെ കഥ കൂടുതൽ ആളുകൾ അറിയും. ഇങ്ങനെ ഒരു റോൾ ഏറ്റെടുത്തതിൽ അക്ഷയ് സാറിനോട് ഒത്തിരി നന്ദിയുണ്ട്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ലക്ഷ്മി ബോംബിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിഫ്, ലക്ഷ്മി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. കിയാറ അദ്വാനിയാണ് നായിക. നവംബർ 9നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.