മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ മാത്രം ഷൂട്ട് ചെയ്യപ്പെടുന്ന ഒരു ത്രില്ലർ ആയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ ത്രില്ലർ സിനിമകൾക്ക് വേറിട്ട് മാനം നൽകിയ ദൃശ്യം മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി ക്ലബ് സ്വപ്നം കാണാമെന്ന് പഠിപ്പിക്കുകയും ചെയ്തു
ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 17ന് ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ഒട്ടുമുക്കാലും ഷൂട്ട് ചെയ്ത തൊടുപുഴ തന്നെയാകും ദൃശ്യം രണ്ടാം ഭാഗത്തിന്റെയും പ്രധാന ലൊക്കേഷൻ. തൊടുപുഴയിൽ തന്നെയാണ് ഷൂട്ടിംഗ് ആരംഭിക്കുന്നതും.
കോവിഡ് നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കുക. ക്രൂവിന്റെ എണ്ണവും ക്രമാതീതമായി കുറയ്ക്കും. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം. ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം