മാസ്സും ക്ലാസും ഒരേ അളവിൽ നിറച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ലൂസിഫർ ട്രെയ്ലർ റെക്കോർഡുകൾ തകിടം മറിച്ച് കുതിക്കുകയാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭം എന്ന കാരണം കൊണ്ടും മോഹൻലാൽ എന്ന ഒറ്റപ്പേര് കൊണ്ടും ചിത്രത്തിനായി കാത്തിരുന്നവർക്ക് ഒരു തികഞ്ഞ വിരുന്ന് തന്നെയായിരിക്കും ലൂസിഫർ എന്ന് ട്രെയ്ലർ തന്നെ ഉറപ്പ് തന്നിരിക്കുമ്പോൾ ട്രെയ്ലർ തയ്യാറാക്കിയതിന് പിന്നിലെ ഇരുപതോളം ദിവസം നീണ്ടുനിന്ന പ്രയത്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ട്രെയ്ലർ എഡിറ്റർ ഡോൺമാക്സ്.
ഉറുമിയുടെ കാലം മുതൽ തന്നെ പൃഥിരാജുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളിലും വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അടുത്തിടെയിറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളുടെയും ട്രെയിലർ ഞാനാണ് ചെയ്തത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടാണ്. അദ്ദേഹമാണ് പലപ്പോഴും എന്നെ സജസ്റ്റ് ചെയ്യാറുള്ളതും. സിനിമയുടെ കഥ പറയുന്ന രീതിയിൽ ട്രെയിലർ ചെയ്യാമെന്ന് ആദ്യം തന്നെ രാജുവും ഞാനും തീരുമാനിച്ചിരുന്നു.
പിന്നെ സിനിമ കണ്ടപ്പോൾ അതിന്റെ ഒരു പാറ്റേൺ എനിക്ക് മനസ്സിലായി. ഏതാണ്ട് 20 ദിവസം കൊണ്ടാണ് ട്രെയിലർ എഡിറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ ചെന്നൈയിലും രാജു ജോർദാനിലുമായിരുന്നു. ഓൺലൈനിലൂടെയായിരുന്നു ഫൈനൽ കറക്ഷൻ ഒക്കെ നടത്തിയത്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എന്റെ വളരെ അടുത്ത സുഹൃത്തായ സംജിത്ത് മുഹമ്മദാണ്. ഞാനും സംജിത്തും രാജുവും കൂടെ ഇരുന്നാണ് സിനിമ കാണുന്നത്. സിനിമയുടെ രംഗങ്ങൾക്കും ട്രെയിലറിലെ അതേ വേഗം തന്നെയാണ്. ട്രെയിലറിനായി മറ്റു ഗിമ്മിക്കുകളൊന്നും കാണിച്ചിട്ടില്ല. രാജു എനിക്ക് സർവസ്വാതന്ത്ര്യവും തന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യം കൂടുതലല്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ മുഴുവൻ പോസിറ്റീവാണ്.
ഒരു സിനിമ മുഴുവൻ എഡിറ്റ് ചെയ്യുന്നയാൾ ഒരു മാസത്തോളം ആ വിഷ്വലുകൾക്ക് നടുവിലായിരിക്കും. അയാളെക്കാൾ ഒരുപക്ഷേ ആദ്യമായി ആ സിനിമ കാണുന്നയാൾക്കാവും ഒരു പുതിയ ഐഡിയ തോന്നുക. ഞാനിപ്പോൾ ഇൗ ട്രെയിലർ ചെയ്തു. എന്നോട് 1 മിനിറ്റുള്ള മറ്റൊരു ട്രെയിലർ ഉണ്ടാക്കാൻ പറഞ്ഞാൽ ചിലപ്പോൾ അതത്ര നന്നാവണമെന്നില്ല. എന്നാൽ ആദ്യമായി കാണുന്ന മറ്റൊരാൾക്ക് എന്നെക്കാൾ നന്നായി ചെയ്യാനായേക്കും. അതു കൊണ്ടാവണം ഇക്കാലത്ത് സിനിമ ഒരാളും ട്രെയിലർ മറ്റൊരാളും എഡിറ്റ് ചെയ്യുന്നത്.രാജുവിന്റെ സംവിധാനമികവ് എടുത്തു പറയേണ്ടതാണ്. ബോളിവുഡ് സ്റ്റൈലിലാണ് അദ്ദേഹം സിനിമ ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി, രാംഗോപാൽ വർമ തുടങ്ങിയ അതികായരുടെ സിനിമകൾ പോലെയാണ് അദ്ദേഹം ലൂസിഫർ ചെയ്തിരിക്കുന്നത്. ലാലേട്ടനും ഒരുപാട് സ്റ്റൈലിഷാണ്. അതുപോലെ സുജിത്തേട്ടന്റെ ഛായാഗ്രഹണവും മികച്ചതാണ്. ആകെ മൊത്തത്തിൽ ലൂസിഫർ ഒരു ഗംഭീര സിനിമ തന്നെയാണ്.