താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിന് എതിരില്ല. എന്നാൽ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരാണ് മത്സരരംഗത്തുള്ളത്. ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരും പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളവരും അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംഘടയിൽ പൊതുവിൽ ഒരു നിർദ്ദേശം ഉയർന്നു വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിൽ താരസംഘടന നടത്തിയ നീക്കങ്ങൾ വിജയിച്ചിരുന്നു. എന്നാൽ, ഔദ്യോഗിക പാനലിന് പുറത്തുനിന്ന് ഇത്തവണ നിരവധി പേർ മത്സരത്തിന് എത്തിയതാണ് ഔദ്യോഗികപാനലിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ മാസം 19നാണ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽബോഡി യോഗം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഇവർക്കെതിരെ മത്സരത്തിന് ആരും നോമിനേഷൻ നൽകിയിട്ടില്ല. എന്നാൽ, വൈസ് പ്രസിഡന്റ്, എക്സിക്യുട്ടീവ് കമ്മിറ്റികളിലേക്ക് കടുത്ത മത്സരം നടക്കും. ആശാ ശരത്തും ശ്വേതാ മേനോനുമാണ് വൈസ് പ്രസിഡന്റുമാരായി ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്. ഇതിനിടയിൽ മുകേഷ്, മണിയൻപിളള രാജു, ജഗദീഷ് എന്നിവരും വൈസ് പ്രസിഡന്റുമാരാകാൻ നോമിനേഷൻ നൽകിയിട്ടുണ്ട്. 11 അംഗം എക്സ്ക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിന് പുറത്തുനിന്ന് ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്.