Thursday, July 18

ഹൃദ്യവും രസകരവുമാണ് ഹമീദിന്റെ ഉമ്മയെ തേടിയുള്ള യാത്ര | എന്റെ ഉമ്മാന്റെ പേര് റിവ്യൂ

Google+ Pinterest LinkedIn Tumblr +
“samvritha”

കുടുംബബന്ധങ്ങളുടെ തീവ്രത കണ്ണ് നനയിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുള്ളവരാണ് മലയാളികൾ. അത്തരം ചിത്രങ്ങളെ എന്നും മലയാളി പ്രേക്ഷകർ ഓർമയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ നെഞ്ചോട് ചേർക്കാവുന്ന ഒരു സുന്ദര ചിത്രമാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന എന്റെ ഉമ്മാന്റെ പേര്. ഈ ഒരു ടൈറ്റിൽ കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ച ചിത്രം പേര് പോലെ തന്നെ ഹൃദ്യവും രസകരവുമായ ഒരു ഫീൽ ഗുഡ് ചിത്രമാണ്. ഉമ്മയെന്ന സങ്കല്പം തരുന്ന നനുത്ത ഒരു തലോടലുണ്ട്. ആ ഒരു കരലാളനത്തിന്റെ നൈർമല്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ സാധിച്ചിരിക്കുകയാണ് സംവിധായകൻ ജോസ് സെബാസ്റ്റ്യന്.

Ente Ummante Peru Malayalam Movie Review

Ente Ummante Peru Malayalam Movie Review

കല്യാണവീടിന്റെ സന്തോഷത്തിൽ ബിരിയാണി കഴിച്ചുകൊണ്ടിരുന്ന ഹമീദിന്റെ ജീവിതം മാറ്റി മറിച്ചു കൊണ്ടാണ് തന്റെ വാപ്പ മരിച്ചെന്ന വാർത്ത എത്തിയത്. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഇന്നലെയുമായി വന്നു കയറിയ വാപ്പ മാത്രമേ ഹമീദിന് ഉണ്ടായിരുന്നുള്ളൂ. വാപ്പ പോയതോട് കൂടി ഒറ്റപ്പെടലിന്റെ ലോകത്തിലേക്ക് എറിയപ്പെട്ട ഹമീദ് തന്റെ ഉമ്മയെ കണ്ടുപിടിക്കാൻ ഇറങ്ങി തിരിക്കുകയാണ്. യതീം (അനാഥൻ) എന്നൊരു മേൽവിലാസം കൂടി ചാർത്തപ്പെട്ടതിനാൽ നിക്കാഹ് കൂടി കഴിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഹമീദ്. ഉമ്മയെ തേടിയുള്ള ആ യാത്രയിൽ കൂട്ടായിട്ടുള്ളത് കൂടപിറപ്പിനെ പോലെയുള്ളൊരു വേലക്കാരനും ബാപ്പയുടെ ഒരു സുഹൃത്തും മാത്രം. ഉമ്മയെ തേടിയുള്ള യാത്രയിൽ ഹമീദിന്റെ ജീവിതത്തിലേക്ക് വെറളിയുമ്മ കൂടി എത്തുന്നതോടെ യാത്ര രസകരമാകുന്നു.

Ente Ummante Peru Malayalam Movie Review

Ente Ummante Peru Malayalam Movie Review

പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ ഏറ്റവും മനോഹരമാക്കാൻ ടോവിനോക്ക് സാധിച്ചിട്ടുണ്ട്. കോമഡി ട്രാക്കിൽ പറഞ്ഞു പോയിട്ടും പ്രേക്ഷകന്റെ നെഞ്ചിന്റെ ഉള്ളിൽ തന്നെയാണ് ഹമീദ് സ്ഥാനം പിടിച്ചത്. ഉമ്മയെ തേടുമ്പോൾ ഹമീദിന്റെ അതേ മാനസികാവസ്ഥ തന്നെയായിരുന്നു കണ്ടിരുന്ന പ്രേക്ഷകർക്കും. വൈകാരികതയും നർമ്മവും ഒന്നിച്ചു കൊണ്ടു പോകുന്നതിൽ സംവിധായകനെ പോലെ തന്നെ ടോവിനോയും വിജയം കൈവരിച്ചിട്ടുണ്ട്. വെറളിയുമ്മയായി ഉർവശിയും കൂടിയെത്തുമ്പോൾ പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തിൽ ഒരു ടോവിനോ – ഉർവശി മത്സരമാണ് സ്ക്രീനിൽ കാണാൻ കഴിയുന്നത്. അവരുടെ പ്രകടനം കൊണ്ടു തന്നെ ആ ഉമ്മയേയും മകനേയും പ്രേക്ഷകർ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോവുകയാണ്. മലയാളത്തിലെ ഹാസ്യറോളുകളിൽ ഇപ്പോൾ തന്റേതായ ഒരു സ്ഥാനം പിടിച്ചുപറ്റിയ ഹരീഷ് കണാരനും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. മാമുക്കോയ, നായികയായ സായിപ്രിയ ദേവ്, ശാന്തി കൃഷ്ണ, സിദ്ധിഖ്, ദിലീഷ് പോത്തൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഏറെ മനോഹരമാക്കിയിട്ടുണ്ട്.

Ente Ummante Peru Malayalam Movie Review

Ente Ummante Peru Malayalam Movie Review

ആദ്യാവസാനം പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ ഹമീദിനൊപ്പം തന്നെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകുവാൻ തന്റെ എഴുത്തിലൂടെ സംവിധായകൻ കൂടിയായ ജോസ് സെബാസ്റ്റ്യന് സാധിച്ചിട്ടുണ്ട്. വൈകാരികതയിലൂന്നിയ ഒരു വിഷയം ആയിരുന്നിട്ടുകൂടിയും അതിൽ രസകരമായ ഒരു വിരുന്ന് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സ്പാനിഷ് ഛായാഗ്രാഹകനായ ജോർഡി പ്ലാനെൽ ക്ളോസേ ഹമീദിന്റെ യാത്രയെ ഏറ്റവും മനോഹരമായിട്ട് തന്നെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും അർജു ബെന്നിന്റെ എഡിറ്റിംഗും ഉമ്മായുടെ പേര് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ കൂടെയിറങ്ങുന്ന ഈ ഉമ്മയും മകനും നിങ്ങളുടെ നെഞ്ചിൽ തന്നെ എന്നുമുണ്ടാകും.

“Lucifer”
Share.

About Author

Comments are closed.