മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ടീസർ റിലീസ് ചെയ്തു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് ടീസർ. ടീസർ റിലീസ് ചെയ്തപ്പോൾ തന്നെ വൈറലായി. ലക്ഷണക്കണക്കിന് ആളുകളാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസർ കണ്ടത്. നിരവധി പേരാണ് ടീസറിന് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്നത്.
എന്നാൽ, ഈ കമന്റ് ബഹളത്തിനിടയിൽ ആരാധകരുടെ കണ്ണുടക്കിയത് ഒരേയൊരു കമന്റിലായിരുന്നു. അത് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ടീസർ പോസ്റ്റിന് ഫേസ്ബുക്ക് തന്നെ നൽകിയ കമന്റ് ആയിരുന്നു. ‘ഈ ടീസർ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാൻ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.
മലയാളത്തിലെ എക്കാലത്തെയും വമ്പൻ ചിത്രം ഡിസംബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും എല്ലാം തന്നെ വൻ ആവേശത്തിലാണ്. പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.