സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസ് ആണ് ‘മരക്കാർ’ സിനിമയുടേത്. ഡിസംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും മൂന്നു ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ചിത്രമാണ് മരക്കാർ. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയെടുത്തു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണ് മരക്കാർ. ഇത് രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
അതേസമയം, മലയാളത്തിൽ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ആരാധകർ എത്തി. മരക്കാറിന്റെ പോസ്റ്റർ ക്യാമറാമാൻ ഷാജിക്കു നൽകുകയും ചെയ്തു. സംവിധായകൻ വിനയൻ തന്നെയാണ് ഈ വിശേഷം അറിയിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമ ഒരു വൻ വിജയമാകട്ടെ എന്ന് വിനയൻ ആശംസിക്കുകയും ചെയ്തു. ‘മോഹൻലാൽ ഫാൻസിന്റെയും പ്രണവ് മോഹൻലാൽ ഫാൻസിന്റെയും സുഹൃത്തുക്കൾ ഇന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ എത്തിയിരുന്നു. ഡിസംബർ രണ്ടിനു റിലീസാകുന്ന മരക്കാറിന്റെ പോസ്റ്റർ ക്യാമറാമാൻ ഷാജിക്കു നൽകിക്കൊണ്ടുള്ള ചടങ്ങു നടന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം ഒരു വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.’ – ചടങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് വിനയൻ കുറിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രചനയും സംവിധാനവും വിനയന് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രം 2022ല്‍ തിയറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വില്‍സണ്‍ എത്തുന്നു. തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.