പ്രതിസന്ധികള്‍ക്കു മുമ്പില്‍ തളരാതെ പോരാടി തന്റെ സ്വപ്നം നേടിയിരിക്കുകയാണ് ഫാത്തിമ എന്ന പാത്തു. തനിക്ക് വേണ്ടത്ര സൗന്ദര്യമില്ലെന്നും മികച്ച ശരീരം ഇല്ലെന്നും വിചാരിച്ച് മാറി നില്ക്കുന്നവര് ഫാത്തിമയുടെ ജീവിതം മാതൃകയാക്കണം. പ്രതിസന്ധികളെ കാറ്റില്‍ പറത്തി പറന്നുയരാന്‍ ശ്രമിക്കുന്ന ഫാത്തിമയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
ഫാത്തിമയെ മലയാളികള്‍ക്ക് നന്നായി അറിയാം. കൃത്രിമ കാലുകളുമായി സ്വപ്നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു പെണ്‍കുട്ടിയാണ് ഫാത്തിമ. പലരും ”നിന്നെക്കൊണ്ട് ഒന്നും സാധിക്കില്ല” എന്നു പറഞ്ഞു അവളെ തളര്‍ത്താന്‍ നോക്കി. പക്ഷേ അതു കൊണ്ടൊന്നും ഫാത്തിമ തളര്‍ന്നില്ല. ആത്മവിശ്വാസം മാത്രമായിരുന്നു ഈ പെണ്‍കുട്ടിയുടെ കൈമുതല്‍. ആത്മവിശ്വാസം എന്ന ചിറകുകള് കൊണ്ട് ജീവിതത്തിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന ഫാത്തിമയെ ആണ് ഫോട്ടോഗ്രാഫര്‍ ആതിര ജോയി പകര്‍ത്തിയ ചിത്രങ്ങളില്‍ കാണാനാകുന്നത്.
തന്റെ ശാരീരിക പരിമിതികളെക്കുറിച്ചോര്‍ത്ത് വിഷമിക്കാതെ സ്വയം പോരാടി വിജയിച്ചു വന്ന പെണ്‍കുട്ടിയാണ് ഫാത്തിമ. അവള് മോഡല്‍ ആയതും റാംപിലൂടെ നടന്നതും എല്ലാം ആത്മവിശ്വാസം മാത്രം കൈമുതലാക്കി കൊണ്ടായിരുന്നു. ചിത്രങ്ങളില്‍ അതീവ സുന്ദരിയാണ് ഫാത്തിമ. ഒരേസമയം പ്രതീക്ഷ നല്കുന്ന മാലാഖയായും അതേസമയം ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റു വന്ന ഫീനിക്സ് പക്ഷിയെ പോലെയുമാണ് അവള്. വര്‍ക്കല ബീച്ചില്‍ നിന്നും ആണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്. കടലിന്റെ മനോഹാരിത എല്ലാ ചിത്രങ്ങളിലും തെളിഞ്ഞു കാണാം. ഷെബിന്‍ ആണ് ഈ മനോഹരമായ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ശ്രീജ അനിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മൃതി സൈമണ്‍ ആണ് ഈ മനോഹരമായ ചിറകുകള് ഡിസൈന്‍ ചെയ്തത്.