മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. കഴിഞ്ഞദിവസമാണ് മരക്കാർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്. ഡിസംബർ രണ്ടിന് ലോകവ്യാപകമായി സിനിമ റിലീസ് ചെയ്യും. മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം അറിയിച്ചത്. ‘മോഹൻലാൽ ചിത്രമായ മരക്കാർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഇന്ന് എന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡിസംബർ 2 ന് സിനിമ, തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു.’ – മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചു കൊണ്ട് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ വരെയുള്ളവരുടെ നിരന്തര ഇടപെടലുകളാണ് ‘മരക്കാറി’ന്റെ തിയറ്റർ റിലീസിന് കാരണമായത്. തിയറ്റർ സംഘടനയായ ഫിയോകിന്റെ കടുംപിടുത്തം മൂലം നേരത്തെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ‘മരക്കാർ’ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രിയും സർക്കാരും മുൻകൈ എടുക്കുകയായിരുന്നു. മരക്കാർ തിയറ്ററിന് നൽകിയില്ലെങ്കിൽ അത് സർക്കാരിന് നഷ്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു. അതിനു ശേഷമാണ് തിയറ്ററിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങൾ വരെ ഇടപെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി സുരേഷ്കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണും ചർച്ചകൾ നടത്തിയിരുന്നു. ഏതായാലും നിരന്തര ശ്രമങ്ങൾക്ക് ഒടുവിൽ മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.