ടോവിനോ തോമസ് ആശുപത്രിയിലാണ് എന്ന വിവരം മലയാളികൾ ഇന്നലെ ആശങ്കയോടെയാണ് കേട്ടത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിലെ സംഘട്ടന രംഗത്തിനിടെ വയറിനു ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. മൂന്ന് ദിവസം മുൻപ് പിറവത്തെ ലൊക്കേഷനിൽ വച്ചാണ് സംഭവം നടന്നത്. ഇത്തരം ചിത്രീകരണ സമയങ്ങളിൽ ടോവിനോ കാണിക്കാറുള്ള ആത്മാർത്ഥതയെ കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് സഹപ്രവർത്തകനായ ഹരീഷ് പേരടി. ഗോദ എന്ന ചിത്രത്തിൽ ടോവിനോക്കൊപ്പം ഹരീഷ് പേരടി അഭിനയിച്ചിരുന്നു. ഗോദയിൽ കണ്ട സംഭവത്തെക്കുറിച്ച് ആണ് അദ്ദേഹം മനസ്സ് തുറക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ:
വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്. ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്. കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ടുനിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം. എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്. എന്റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്. കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്. മനുഷ്യനാണ്.. നിങ്ങളുടെ പ്രാർത്ഥനകളിൽ നൻമകളിൽ ഇന്ന് അവനെയും ഉൾപ്പെടുത്തുക..”