വസ്ത്രധാരണത്തിന് പേരിൽ കഴിഞ്ഞ ദിവസം അനശ്വരക്ക് ഏറെ പരാമർശങ്ങൾ കേൾക്കേണ്ടി വന്നു. ഇപ്പോൾ താരത്തിന് പിന്തുണയുമായി യുവനടിമാർ എത്തിയിരിക്കുകയാണ്. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. റിമ കല്ലിങ്കലാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവച്ചത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അമേയ കുറിച്ചത് ഇങ്ങനെയാണ്. ‘കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്.
ഒരു ഫോട്ടോഷൂട്ടിൽ അനശ്വര ധരിച്ച ഒരു വസ്ത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. 18 വയസ്സ് തികയാൻ കാത്തിരിക്കുകയായിരുന്നോ വസ്ത്രങ്ങൾ അഴിക്കാൻ എന്ന തരത്തിലുള്ള കമന്റുകൾ ആണ് അനശ്വര നേരിട്ടത്. ഏറെ വിമർശനം നേരിടേണ്ടി വന്ന അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. “ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,” എന്നായിരുന്നു അനശ്വരയുടെ മറുപടി. ഇപ്പോൾ താരത്തിന് പിന്തുണയുമായി ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്. കാൽമുട്ട് മുതൽ കാണിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ.’ ഹരീഷ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളും വിമർശനങ്ങൾക്കും താരം ഇരയായിട്ടുമുണ്ട്.