‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രം റിലീസ് ആകാൻ മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. അതിനു മുന്നോടിയായി മരക്കാറിലെ ‘ഇളവെയിൽ’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും പാടിയ ‘ഇളവെയിൽ’ എന്ന ഗാനത്തിന്റെ വീഡിയോ ടീസർ ആണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരുന്നു. സൈന മ്യൂസിക് ആണ് വീഡിയോ പുറത്തിറക്കിയത്.
പ്രഭാ വർമയുടേതാണ് വരികൾ. റോണി റാഫേൽ ആണ് സംഗീതം. ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിന് എത്തുന്നത്. റിലീസ് ദിനത്തില്‍ തന്നെ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിർമാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുമ്പേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണ് മരക്കാർ. രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രമെത്തുന്നത്.