തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. വിജയ്ക്കൊപ്പമുള്ള ഒരു സംഘട്ടന രംഗത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരം. സംഘട്ടന രംഗത്തിനിടയ്ക്ക് വിജയുടെ നെഞ്ചിൽ ഐ എം വിജയൻ ചവിട്ടുന്ന ഒരു രംഗമുണ്ടായിരുന്നു.
ആ രംഗം എങ്ങനെ ചെയ്യും എന്ന് തനിക്ക് പേടിയായിരുന്നു എന്നും അത് അറ്റ്ലിയുമായി പങ്കുവയ്ക്കുന്നത് വിജയ് കേട്ടു എന്നും ഐ എം വിജയൻ പറയുന്നു. അതുകേട്ട് വിജയ് വന്ന് ഐ എം വിജയന്റെ കാലെടുത്ത് നെഞ്ചത്ത് വച്ചിട്ട് , സാർ ഇങ്ങനെ ചവിട്ടികോളു ഒരു കുഴപ്പവുമില്ല എന്ന് പറയുകയും ചെയ്തു. മറഡോണയോടൊപ്പം ഫുട്ബോൾ കളിച്ചപ്പോൾ തോന്നിയ അതേ വികാരമാണ് വിജയ്യോടൊപ്പം ചിത്രത്തിൽ അഭിനയിച്ചപ്പോൾ തോന്നിയതെന്നും ഐഎം വിജയൻ പങ്കുവയ്ക്കുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.