ടി എസ് മോഹൻ സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പടയണി’. മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിങ്ങനെ വമ്പൻ താരനിരയുമായി എത്തിയ ചിത്രത്തിന്റെ നിർമാണം നടൻ സുകുമാരൻ ആയിരുന്നു. ആ ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. അതും ലാലേട്ടന്റെ ചെറുപ്പകാലം അഭിനയിച്ച്…! സ്വപ്നതുല്യമായ അങ്ങനെയൊരു തുടക്കത്തിന് ശേഷം വർഷങ്ങൾക്കിപ്പുറം ഇന്ദ്രജിത്തിനെ തേടി മറ്റൊരു സൗഭാഗ്യം കൂടി എത്തിയിരിക്കുകയാണ്. അതേ ലാലേട്ടന്റെ പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകവേഷം. സാജിദ് യഹിയ ഒരുക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് നായകനാകുന്നത്. മഞ്ജു വാര്യരാണ് നായിക. ഇങ്ങനെയൊരു അസുലഭഭാഗ്യം കരസ്ഥമാക്കിയ സന്തോഷം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഇന്ദ്രജിത്ത് പങ്കുവെച്ചു.
“ഇത് ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു ചിത്രമാണ്. ലാലേട്ടനെ ആരാധിക്കാത്തവരായി ആരുമില്ല. നമ്മൾ എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നവരാണ്. ലാലേട്ടനും ലാലേട്ടന്റെ ആരാധകർക്കുമുള്ള ഒരു ഡെഡിക്കേഷനാണ് ഈ സിനിമ. ഒരു ട്രിബൂട്ടാണ് ഈ സിനിമ. പിന്നെ അമ്മ (മല്ലിക സുകുമാരൻ) പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. ഞാൻ സിനിമയിലെത്തിയത് ഒരു ചൈൽഡ് ആർട്ടിസ്റ്റായിട്ടാണ്. അത് അച്ഛൻ പ്രൊഡ്യൂസ് ചെയ്ത പടയണിയിൽ ലാലേട്ടന്റെ ചെറുപ്പമായിട്ടാണ് ഞാൻ സിനിമയിൽ വരുന്നത്. ഇത്രയും കാലത്തിന് ശേഷം ലാലേട്ടന്റെ പേരിൽ ഒരു സിനിമ വരുമ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചു. അതിൽ ഒരു നായകവേഷം ചെയ്യാൻ പറ്റി. മഞ്ജുവിനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നുള്ളതെല്ലാം ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.” ഇന്ദ്രജിത്ത് പറഞ്ഞു. വിഷു റിലീസായി മോഹൻലാൽ ഈ ശനിയാഴ്ച തീയറ്ററുകളിലെത്തും.