ഇന്റെർവെലിന് മണി അടിക്കുമ്പോൾ തന്നെ ചങ്കിനേയും കൂട്ടി പഫ്സ് തിന്നാൻ കടയിലേക്ക് ഓടുന്ന മെൽവിൻ പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല ചിരിപ്പിച്ചത്. ബുദ്ധിയാണ് മെയിൻ എന്ന അമ്മയുടെ ആ ഡയലോഗ് മാത്രം മതി ചിരിപ്പൂരം തീർക്കാൻ. തണ്ണീർമത്തൻ ദിനങ്ങൾക്ക് മുൻപ് നസ്ലെനെ ബിഗ് സ്ക്രീനിൽ കാണിച്ചിട്ടുണ്ട് എന്നത് പലർക്കും അറിയില്ലാത്ത ഒരു കാര്യമാണ്. മമ്മൂട്ടിയുടെ മെഗാമാസ്സ് ചിത്രം മധുരരാജയിൽ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നൊരു പയ്യനാണ് നസ്ലെൻ കെ ഗഫൂർ. അന്ന് അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് എല്ലാവരേയും കാണിച്ചു കൊണ്ട് നടന്ന ആ പയ്യനാണ് മെൽവിനായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. കൂട്ടുക്കാരെ പോലെ പെണ്ണിന്റെ പുറകെ പോകാതെ പഫ്സിന്റെ പിന്നാലെ പോയ ആ പയ്യനെ എന്തായാലും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. വരും കാലങ്ങളിൽ കൂടുതൽ ചിത്രങ്ങളിൽ മികച്ച റോളുകളിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിന്നുള്ള ഈ കലാകാരനെ കാണാനാകും എന്നുറപ്പാണ്.