ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിയോളം പൂർത്തിയായപ്പോൾ ആയിരുന്നു കൊറോണ വൈറസ് മൂലം സിനിമാലോകം നിശ്ചലമായത്. ബാക്കി ഭാഗം പുറംരാജ്യങ്ങളിൽ ഷൂട്ട് ചെയ്യേണ്ടതുകൊണ്ട് ഇനി എന്നു തുടങ്ങും എന്ന് പറയുവാൻ സാധിക്കുകയില്ല എന്ന് ജിത്തുജോസഫ് വ്യക്തമാക്കിയിരുന്നു.
ആ ഒരു ഇടവേളയിൽ ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായി.
ഇപ്പോൾ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ശ്രദ്ധേയമായിരിക്കുന്നത്. റാമിന്റെയും ദൃശ്യം 2വിന്റേയും എഡിറ്റിംഗ് ഒരേ സമയം നടത്തുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘രമേശ് ചെന്നിത്തലയ്ക്ക് പഠിക്കുവാണോ. ഒരേ സമയം രണ്ട് സിനിമയുടെ എഡിറ്റിങ്’, ‘അവസാനം ദൃശ്യം 2 അന്വേക്ഷിക്കാൻ വരുന്ന ആളാകുമോ RAM’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ക്ലൈമാക്സ് മാറിപോകല്ലേ എന്നും കമന്റുണ്ട്.