കഴിഞ്ഞവർഷം നവംബർ പകുതിയോടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് ജോജു ജോർജ് എന്ന നടന് സ്വന്തമായി ഒരു സ്ഥാനം നേടിക്കൊടുത്തത്. എം പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ജോജു തന്നെയായിരുന്നു. ജോസഫ് എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച ജോജു ജോർജിന് ആ കഥാപാത്രം സംസ്ഥാന അവാർഡും ദേശീയ അവാർഡും ജൂറിയുടെ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. സ്വന്തം ജീവൻ ത്യജിച്ചും അവയവ മാഫിയയുടെ കളികൾ പുറത്തു കൊണ്ട് വരുന്ന ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറഞ്ഞത്. തിയേറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജോസഫ്.
തന്റെ ജീവിതം മാറ്റിമറിച്ച ഈ ചിത്രത്തിന്റെ ഒന്നാം വാർഷികം ജോജു കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജോജു ജോർജ്. ഈ ചിത്രത്തിലെ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മാനേജ്മെന്റും സ്റ്റാഫും ചേർന്നാണ് സർപ്രൈസ് ആയി ജോസഫിന്റെ ഒന്നാം വാർഷികം പ്രമാണിച്ചു കേക്ക് ഒരുക്കി മമ്മൂട്ടിക്കും ജോജുവിനും മുന്നിൽ എത്തിച്ചത്. ജോസഫ് എന്ന ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിച്ച അംഗീകാരത്തിൽ ജോജു ഏറെ സന്തോഷവാനാണ്. ജോസഫിനു ശേഷം പൊറിഞ്ചുമറിയംജോസ് എന്ന ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലും ജോജു മികച്ച പ്രകടനം കാഴ്ചവച്ചു. അതിനുശേഷം കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ജോജു നിർമ്മിച്ച് നായകനായി എത്തുന്ന സനൽ കുമാർ ശശിധരൻ ചിത്രം ചോല അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്.