ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി സർവീസ് ചാർജ് ഇനത്തിൽ പ്രേക്ഷകർക്ക് തുകയാണ് ഓരോ ബുക്കിങ്ങിലും നഷ്ടപ്പെടുന്നത്. ഏകദേശം 25 രൂപയോളമാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഈടാക്കുന്നത്. ഇതിന് പരിഹാരമായി കേരള സർക്കാരിന്റെ ഒരു ആപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന സ്വപ്നങ്ങൾക്ക് ഒരു ശുഭസൂചന സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാൻ നൽകിയിരിക്കുകയാണ്. ഫേസ്ബുക്കിൽ അദ്ദേഹം നൽകിയ മറുപടിയിലാണ് ഈ സൂചന.
കേരള ബജറ്റ് 2022ൽ സാംസ്കാരിക വകുപ്പിന് കീഴിൽ മലയാള സിനിമാ മ്യൂസിയം നിർമിക്കും എന്ന സന്തോഷ വാർത്ത പങ്ക് വെച്ച മന്ത്രിയുടെ ഒരു പോസ്റ്റിന് കീഴിലാണ് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് കമന്റ് വന്നത്. “ഒരു ബയോസ്കോപ്പും ഫിലിമും വെച്ചുകൊണ്ട് പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥൻ കേരളത്തിൽ ആദ്യത്തെ സിനിമാ പ്രദർശനം തുടങ്ങിയിടത്തു നിന്നും ഇന്നെത്തുമ്പോൾ മലയാള സിനിമ ഒരുപാട് വളർന്നു. മലയാള സിനിമയുടെ ചരിത്ര വഴികൾ രേഖപ്പെടുത്താൻ ഒരു സിനിമാ മ്യൂസിയം എന്നത് ഈ വർഷത്തെ സംസ്ഥാന ബജറ്റിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. സിനിമാ ആസ്വാദകർക്കും ഗൗരവമായി സിനിമയെ പഠിക്കുന്നവർക്കും ഒരേപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മലയാള സിനിമാ മ്യൂസിയം മാറും.” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.
അതിലാണ് സർക്കാരിന്റെ ആപ്പിനെ കുറിച്ച് ഒരു അഭിപ്രായം വന്നത്. ‘കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു ബുക്കിംഗ് ആപ്പ് ഗവൺമെന്റ് തലത്തിൽ പരിഗണിക്കുകയാണെങ്കിൽ നന്നായിരുന്നു.’ എന്നായിരുന്നു കമന്റ്. സാദ്ധ്യതകൾ പരിശോധിച്ചു വരുന്നു എന്നാണ് അതിന് മറുപടിയായി മന്ത്രി കമന്റിട്ടത്. സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്. എത്രയും വേഗം അത് സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം.