ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് കെ ജി എഫ് ചാപ്റ്റർ ടു റിലീസ് പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. റോക്കി ഭായിയുടെ ഒപ്പം കട്ട വില്ലൻ അധീരയായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ കെ ജി എഫ് ചാപ്റ്റർ 2ന് കാത്തിരിക്കുന്നവരുടെ ആവേശം വർദ്ധിക്കും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നടൻ പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. കെ ജി എഫ് രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് താനെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് അവസാനിച്ചു.
പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. യഷ് ആണ് നായകൻ. സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ എത്തിയിട്ടും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും സംഗീതവും പ്രേക്ഷകരെ ആകർഷിച്ചു. ചിത്രത്തിന്റെ ആദ്യഭാഗം 2018ൽ ആയിരുന്നു റിലീസ് ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി ആരാധകർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.
സൂപ്പർ ഹീറോയൊടൊപ്പം സൂപ്പർ വില്ലനും എത്തുന്നു എന്നതാണ് ചാപ്റ്റർ 2വിന്റെ മറ്റൊരു പ്രത്യേകത. രണ്ടാം ഭാഗത്തിൽ വില്ലനായ അഥീരയായി എത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് ആണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്. കോവിഡിനെ തുടർന്ന് കെ ജി എഫ് ചാപ്റ്റർ 2ന്റെ റിലീസ് അനിശ്ചിതത്വത്തിൽ ആയിരുന്നു. ഏതായാലും റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധകർ വീണ്ടും ആവേശത്തിലായിരിക്കുകയാണ്.