മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ മനസ്സ് തുറക്കുകയാണ് ഖാലിദ് റഹ്മാൻ. ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടയിൽ ഉണ്ടയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഖാലിദ് റഹ്മാൻ ഉത്തരം പറയുകയായിരുന്നു . ചിത്രത്തിൽ താൻ ഒരിക്കലും പൂർണ സംതൃപ്തനല്ല എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടയുടെ കളക്ഷൻ റിപ്പോർട്ട്നെ കുറിച്ച് ചോദിച്ചപ്പോൾ അറിഞ്ഞില്ല, ആരും പറഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .ഉണ്ടയുടെ പ്രൊഡ്യൂസർ വേറൊരു വ്യക്തി ആയിരുന്നെങ്കിൽ ചിത്രം ഇതിലും മികച്ചത് ആയിരുന്നു എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.ചിത്രത്തിന്റെ പ്രൊഡ്യൂസർ ഹാപ്പിയായി ഇരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കൂടി തുറന്നു പറയുന്നു.
ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിനുശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ,അർജുൻ അശോകൻ തുടങ്ങി വലിയൊരു താരനിരയും അണിനിരന്നിരുന്നു. സംവിധായകൻ തന്നെ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്.ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയുടെ അഭിനയസാധ്യതയുള്ള കഥാപാത്രവും ഈ ചിത്രത്തിലെ മണിസാർ എന്നതായിരുന്നു.