ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കി മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പരമ്പരയിലെ ലച്ചുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ചർച്ചാവിഷയമായിരുന്നത്. ടിക് ടോക് താരങ്ങൾ മുതൽ ബിഗ് സ്ക്രീൻ നായകൻ ഷെയ്ൻ നിഗമിന്റെ വരെ പേരുകൾ ഉയർന്നു കേട്ടപ്പോഴാണ് ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പുറത്ത് വരുന്നത്.
പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ആരും ആയിരുന്നില്ല വരൻ. ലച്ചുവിന്റെ വരനായി എത്തുന്നത് നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആണ്. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി ഡീഡിയും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇവരുടെ ഒപ്പം ബാലു, നീലു, കേശു, പാറുക്കുട്ടി, മുടിയൻ തുടങ്ങിയവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ചാനൽ ഇത് വരെയും സസ്പെൻസുകൾ നിറച്ചു വച്ചാണ് പ്രമോ വീഡിയോകൾ പുറത്തു വിട്ടിരിക്കുന്നത്. സിദ്ധാർത് എന്ന നേവി ഓഫീസറിനെ ആണ് ബാലു ലച്ചുവിന്റെ വരനായി കണ്ടെത്തിയത്. ക്രിസ്മസ് ദിനത്തിൽ ആകും വിവാഹമെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്.