പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ലാലേട്ടൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്ന വീഡിയോയിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ കൂടുതലായിരിക്കുകയാണ്. ചിത്രത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് ലാലേട്ടനും ആന്റണി പെരുമ്പാവൂരിനും നൽകാനാണ് പൃഥ്വിരാജും മുരളി ഗോപിയും ഒടിയന്റെ ലൊക്കേഷനിൽ എത്തിയത് . ലൂസിഫറിന്റെ ഫൈനൽ ഡ്രാഫ്റ്റ് ലഭിച്ച ശേഷം ലാലേട്ടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ലൂസിഫർ എന്ന സിനിമ അതിന്റെ മേക്കിങ്ങിലും കഥ പറയുന്ന രീതിയിലും കഥയിലും വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായിരിക്കും. സാധാരണക്കാരന് ഇഷ്ടപ്പെടുന്ന എല്ലാം ഉൾപ്പെടുന്ന ഒരു നല്ല എന്റർടൈനർ ആയിരിക്കും ഇത്.” പൃഥ്വിരാജിൽ നിന്നും മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കുവാൻ ലഭിക്കുന്ന ഒരു ചിത്രമായിരിക്കും ലൂസിഫർ എന്നായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. കാത്തിരിക്കാം ലൂസിഫർ യാഥാർഥ്യമാകുന്ന ആ സുന്ദരദിനത്തിനായി.