മോഹൻലാൽ ചിത്രത്തിന് ആവറേജ് റിപ്പോർട്ട് കിട്ടിയാൽ പോലും അത് ആഘോഷമാക്കുന്ന കുടുംബങ്ങൾ അടക്കമുള്ള പ്രേക്ഷകരാണ് മലയാള സിനിമയുടെ ശക്തി. അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ അവർ കാണാൻ ആഗ്രഹിച്ചത് പോലെ കാണുകയും ചിത്രത്തിന് മികച്ച റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ പിന്നെ വേറെ എന്തെങ്കിലും പറയാനുണ്ടോ? ആ ഒരു കാഴ്ചയാണ് ഇപ്പോൾ തീയറ്ററുകളിൽ ലൂസിഫർ ഒരുക്കിയിരിക്കുന്നത്. വർക്കിംഗ് ഡേ ആയ ഇന്ന് പോലും ഒട്ടു മിക്കയിടത്തും നൂൺ ഷോയും മാറ്റിനിയുമെല്ലാം ഹൗസ്ഫുള്ളാണ്. ഏറ്റവും വേഗം 50 കോടി നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡ് 4 ദിവസം കൊണ്ട് തന്നെ നേടിയെടുത്ത ചിത്രം ഉടൻ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്നും പലയിടത്തും രാത്രി ഏറെ വൈകി സ്പെഷ്യൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം കൂടി തുടങ്ങിയതിനാൽ ഇനിയും കൂടുതൽ പ്രേക്ഷകരെ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെയും ലൂസിഫറിനെയും കാണാൻ എത്തുമെന്നുറപ്പാണ്.