സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ. ചിത്രത്തിൽ എംജി ശ്രീകുമാറും ശ്രേയ ഘോഷാലും പാടിയ ‘ഇളവെയിലലകളിൽ ഒഴുകും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സൈന മ്യൂസിക് ആണ് വീഡിയോ പുറത്തിറക്കിയത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയ കാര്യം അറിയിച്ചത്. പ്രഭാ വർമയുടെ വരികൾക്ക് റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ, രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യും. അഞ്ചു ഭാഷകളിലാണ് ചിത്രം എത്താൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രമെത്തുന്നത്.
സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകൾ നേടിയ ഈ ചിത്രം ദേശീയ തലത്തിൽ മികച്ച ചിത്രമായി മാറിയതിനൊപ്പം മികച്ച വി എഫ് എക്സ്, മികച്ച വസ്ത്രാലങ്കാരം എന്നീ അവാർഡുകളും നേടിയെടുത്തു. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ആഗോള റിലീസ് ആയിരിക്കും മരക്കാർ നേടുക എന്നാണ് റിപ്പോർട്ടുകൾ. ഫാൻസ് ഷോകളുടെ എണ്ണത്തിലും പ്രീ ബുക്കിങ്ങിന്റെ കാര്യത്തിലും റെക്കോർഡ് ഇട്ട ഈ ചിത്രം ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലും തരംഗമാവുകയാണ്. ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമെന്ന ബഹുമതി ആണ് മരക്കാറിനെ തേടി എത്തിയിരിക്കുന്നത്.