പ്രഖ്യാപനം മുതൽ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തെക്കുറിച്ച് നിരവധി പോസിറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്. നടൻ മധുപാൽ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതമാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മധുപാൽ കുറിച്ചത്.
‘ലിജോ ജോസ് പെല്ലിശേരിയുടെ മൂന്നു ചിത്രങ്ങൾ. ഡബിൾ ബാരൽ, നന്‍പകൽ നേരത്ത് മയക്കം, ഇപ്പോൾ ഇതാ
മലൈക്കോട്ട വാലിബൻ. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതം. ഫാന്റസിയുടെ അത്ഭുതം
സാങ്കേതികതയിലെ അത്ഭുതം
അത്ഭുതപിറവിയിലൂടെ ഒരത്ഭുതം
വെറും കഥകൾ പറയുകയല്ല ചലച്ചിത്രം
പ്രിയപ്പെട്ടവരേ, അത് നിങ്ങളോട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ട്
ഈ സിനിമകളിൽ അത് കാണാം…. കേൾക്കാം…
ചലച്ചിത്രശാലകളിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കുവാൻ കഴിയൂ..
പ്രിയപ്പെട്ട ലിജോ, സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഒരു കലാകാരന്റെ വഴികൾ.
ആ സ്വപ്നങ്ങളിലേക്ക് നിങ്ങൾ കൂടെ കൂട്ടിയ അഭിനന്ദ് രാമാനുജൻ, തേനി ഈശ്വർ, മധു നീലകണ്ഠൻ. സിനിമയുടെ ഭാഷ വായിച്ച മൂന്നുപേർ….
കുട്ടിക്കാലത്ത് വായിച്ച അത്ഭുതകഥകളുടെ സാക്ഷത്ക്കാരം…
ഈ ചിത്രങ്ങൾ എന്റെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്.. എന്നും
കാലം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ നൽകിയതിന് അഭിനന്ദനങ്ങൾ’ – മധുപാൽ കുറിച്ചു.
ജനുവരി 25ന് ആയിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.