വൈശാഖ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ 131 ആം ദിവസം തിയേറ്ററുകളിൽ പിന്നിടുകയാണ്. പള്ളുരുത്തിയിൽ ആണ് ചിത്രം രണ്ടു ഷോകൾ കളിച്ച് 131ആം ദിവസത്തിൽ എത്തിനിൽക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഓൺലൈൻ / സാറ്റലൈറ്റ് പതിപ്പുകൾ, ഡിവിഡികൾ എല്ലാം പുറത്തുവന്നിട്ടും രാജ തിയറ്ററിൽ നിലനിൽക്കുകയാണ്. 2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്.
ലോകവ്യാപകമായി 30,000 ഷോകൾ പൂർത്തിയാക്കിയ മധുരരാജ കേരളത്തിൽ നിന്ന് മാത്രം 20,000 ഷോകൾ എന്ന മെഗാ-ബ്ലോക്ക്ബസ്റ്റർ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് 9 – 10 ദിവസങ്ങൾ ആയപ്പോഴേക്കും 50 കോടി കളക്ഷനും 45 ദിവസം കൊണ്ട് 104 കോടി രൂപ നേടിയതായും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ആരാധകർക്കും കുടുബ പ്രേക്ഷകർക്കും ഒരുപോലെ സ്വീകാര്യമായ രീതിയിൽ ആയിരുന്നു ചിത്രം ഒരുക്കിയത്.