വാർത്താ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന ഇന്ത്യ- ചൈന സംഘർഷവും ചൈനയുടെ പ്രകോപനവും സിനിമയാക്കുന്നു. നിരവധി പട്ടാള സിനിമകൾ എടുത്ത് മുൻ പരിചയമുള്ള മേജർ രവിയാണ് ചിത്രത്തിന്റെ സംവിധായകൻ. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ പാലവും, ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും ആണ് സിനിമയുടെ ചർച്ചാവിഷയം എന്ന് മേജർ രവി പറഞ്ഞു. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. തന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്ന് മേജർ രവി നേരത്തെ പറഞ്ഞിരുന്നു. ഇത് ആ സിനിമ ആണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
മോഹന്‍ലാല്‍ മേജര്‍ മഹാദേവന് എന്ന നായക കഥാപാത്രമായെത്തിയ കീര്‍ത്തിചക്രയിലൂടെ (2006) ഫീച്ചര്‍ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ച മേജർ രവി പിന്നീട് കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), കര്‍മ്മയോദ്ധ (2012), 1971: ബിയോണ്ട് ബോര്‍ഡേഴ്സ് (2017) എന്നീ സിനിമകളും മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തു. മമ്മൂട്ടിയെ നായകനാക്കി മിഷന് 90 ഡെയ്സ് എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജര്‍ രവി സംവിധാനം ചെയ്തിട്ടുണ്ട്.
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മേജര്‍ രവി പറഞ്ഞിരുന്നു. എങ്കിലും നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികന്റെ വേഷത്തിലാണ് ദിലീപ് എത്തുകയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി പറഞ്ഞിരുന്നു.