സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആണ് സിനിമയാകുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ നജീബ് ആയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വൻ ചർച്ചയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. ഷൂട്ടിംഗിനിടെ പലപ്പോഴും പൃഥ്വിരാജ് തളർന്നു വീണിട്ടുണ്ടെന്നും എന്നാൽ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്ന് പറഞ്ഞ് പുള്ളി മുന്നോട്ടു പോകുമെന്നും രഞ്ജിത്ത് പറഞ്ഞു.
‘ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. എന്നാലും കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരിഭൂമിയിലെ മണലിൽ കൂടി നമുക്ക് നേരെ നടക്കാൻ പോലും പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും’ – രഞ്ജിത്ത് പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. ഡോക്ടറും മറ്റ് കാര്യങ്ങളും ഒപ്പം തന്നെ ഉണ്ടായിരുന്നെങ്കിലും ടെൻഷൻ ആയി പോകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയമാണ്. ആരോഗ്യമുള്ളവർക്ക് പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലെയൊരു വസ്ത്രമായിരുന്നു പൃഥ്വിയുടേതെന്നും അതിട്ട് ഒന്ന് നടക്കാൻ പോലും പറ്റില്ലായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. തുകൽ ചെരുപ്പായിരുന്നു ധരിച്ചിരുന്നത്. ഒപ്പം, നീട്ടി വളർത്തിയ മുടിയും താടിയും. മുറിവിന്റെ മാർക്ക്, എക്സ്ട്രാ ഒരു ഫുൾ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. മൊബൈൽ ഒന്നും നോക്കാൻ കഴിയില്ലായിരുന്നു. ലിക്വിഡ് പോലുള്ള ഭക്ഷണം സ്ട്രോയിൽ കഴിക്കുക എന്നത് മാത്രമായിരുന്നു ആ സമയത്ത് പൃഥ്വിരാജിന് ആകെ ചെയ്യാൻ കഴിയുന്ന കാര്യമെന്നും രഞ്ജിത്ത് പറഞ്ഞു.
നജീബിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ യഥാർത്ഥ നജീബ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചാണ് ചിന്തിച്ചതെന്നും രണ്ട് മൂന്ന് വർഷത്തോളം ലുക്ക് തന്നെ ചെയ്തു നോക്കിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. എന്നിട്ടാണ് ഫൈനൽ ചെയ്തത്. ഖുബൂസ് ഒക്കെ നിലത്ത് തീ കൂട്ടി അതിലിട്ട് വേവിച്ച് കഴിക്കുന്നുണ്ട്. തങ്ങളും അങ്ങനെ തന്നെ ചെയ്തെന്നും അങ്ങനെ തന്നെ പൃഥ്വി അത് കഴിച്ചിട്ടും ഉണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. ഓസ്കർ കിട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഈ സിനിമ ഞാൻ ചെയ്യുന്നത് മകളോ മകളുടെ മക്കളോ അതായത് പേരക്കുട്ടികളോ കാണുമ്പോൾ ഈ പടത്തിലെ എന്റെ ഒരു സ്റ്റിൽ എന്റെ വീട്ടിൽ ഉണ്ടാകും എന്നാണെന്നും രഞ്ജിത്ത് പറഞ്ഞു. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ലെന്നും മെലിഞ്ഞുള്ള സ്വീക്വൻസുകൾ എടുക്കുമ്പോൾ, പൃഥ്വിക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ആടുജീവിതത്തിന്റെ ചിത്രീകരണം 2022 ജൂലൈയിൽ ആണ് പാക്കപ്പായത്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം.