ആരാധകർക്ക് വിഷു കൈനീട്ടവുമായി മോഹൻലാൽ. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു. ഇത് കലക്കുമെന്നാണ് ആരാധകർ ഒറ്റ സ്വരത്തിൽ പറയുന്നത്. ഒരു യോദ്ധാവിന്റെ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ. കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ ഉള്ളത്. ഇപ്പോൾ കാത്തിരിപ്പിന് ഒരു മുഖമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഈ സിനിമയ്ക്കു വേണ്ടിയുള്ള യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന് കൂടി കുറിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.