മരക്കാർ സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന് മലയാളസിനിമാലോകം. മുൻമന്ത്രി ഷിബു ബേബി ജോൺ കുടുംബത്തിനൊപ്പം ഫാൻസ് ഷോ കാണാനെത്തി. മമ്മൂട്ടി, വിഎ ശ്രീകുമാർ, ദുൽഖർ സൽമാൻ, രമേശ് പിഷാരടി, പൃഥ്വിരാജ്, സണ്ണി വെയിൻ തുടങ്ങി നിരവധി പേരാണ് മരക്കാറിന് ആശംസകളുമായി സോഷ്യൽ മീഡിയകളിൽ എത്തിയത്.
‘ഒരു ലാലേട്ടൻ ആരാധകനായി വീണ്ടുമൊരു ഫാൻ ഷോയിൽ’ എന്നു തുടങ്ങുന്ന കുറിപ്പ് തിയറ്ററിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഷിബു ബേബി ജോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘മോഹൻലാൽ എന്ന നടനെ ഞാനാദ്യമായി കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ്. പിന്നീട് കോളേജ് പഠനകാലത്ത് ലാലേട്ടൻ ഒരു ഹരമായി എന്നിലേക്ക് പടർന്നു കയറുകയായിരുന്നു. പുറത്തിറങ്ങുന്ന എല്ലാ മോഹൻലാൽ പടങ്ങളും ആദ്യ ഷോ തന്നെ വിടാതെ കാണുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. എന്നാൽ പൊതുപ്രവർത്തനത്തിൽ സജീവമായതിന് ശേഷം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി എനിക്ക് ഒഴിവാക്കേണ്ടി വന്ന സ്വകാര്യ സന്തോഷങ്ങളിലൊന്നായി അതും മാറി. ഏറെക്കാലത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ചിത്രത്തിൻ്റെ ഫാൻ ഷോ കാണാൻ ഞാൻ എത്തിയിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാർ കാണാൻ, ആ പഴയ ലാലേട്ടൻ ഫാനായി. ഒപ്പമെൻ്റെ കുടുംബവുമുണ്ട്. ഇളയമകൻ അമർ മാത്രം ഇക്കൂട്ടത്തിലില്ല. എന്നെക്കാൾ വലിയ മോഹൻലാൽ ഫാനായ അവൻ എനിക്കും മുമ്പെ ഫാൻ ഷോ ബുക്ക് ചെയ്തിരുന്നു. അവൻ്റെ സുഹൃത്തുക്കൾക്കൊപ്പം ഇതേ തീയറ്ററിൽ തന്നെ ഏതോ മൂലയിലുണ്ട്. അപ്പോൾ ഷോയ്ക്ക് ശേഷം കാണാം.’ മരക്കാർ കാണാൻ തിയറ്ററിൽ എത്തിയതിനെക്കുറിച്ച് മുൻമന്ത്രി കുറിച്ചത് ഇങ്ങനെ.
എല്ലാവരും മരക്കാർ പോസ്റ്ററുകൾ പങ്കുവെച്ച് സിനിമയ്ക്ക് ആശംസകൾ നേർന്നപ്പോൾ നടൻ അജു വർഗീസ് നെടുമുടി വേണുവിന്റെ ചിത്രമാണ് പങ്കുവെച്ചത്. മരക്കാറിലെ നെടുമുടി വേണുവിന്റെ വേഷപ്പകർച്ചയുടെ പോസ്റ്റർ ആണ് ഒരു കൂപ്പുകൈയോടെ അജു പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നെടുമുടി വേണു മരിച്ചത്. മരക്കാറിൽ സാമൂതിരിയുടെ വേഷത്തിലാണ് നെടുമുടി വേണു പ്രത്യക്ഷപ്പെടുന്നത്. ആദ്യം നെടുമുടിയുടെ പോസ്റ്റർ പങ്കുവെച്ച അജു മരക്കാർ പോസ്റ്റർ പങ്കുവെച്ച് ചരിത്രം എന്ന് കുറിച്ചു.