മമ്മൂട്ടി – നയൻതാര ജോഡിയെ നായകരാക്കി പ്രമോദ് പപ്പൻ ഒരുക്കി 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് തസ്കരവീരൻ. അറക്കളം ഭായിയായി മമ്മൂക്ക നിറഞ്ഞാടിയ ചിത്രം മികച്ച വിജയം കൊയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇരട്ടസംവിധായകരായ പ്രമോദ് പപ്പൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂക്കയെ നായകനാക്കി വജ്രം, തസ്കരവീരൻ എന്നീ രണ്ടു ചിത്രങ്ങൾ പ്രമോദ് പപ്പൻ ഒരുക്കിയിരുന്നു. തസ്കരവീരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്ന് പ്രമോദ് പറയുന്നു. ചിത്രത്തിനായി ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് മമ്മൂക്കയോട് നേരില്‍ കണ്ട് അതിനെകുറിച്ച് സംസാരിക്കാമെന്നാണ് കരുതുന്നതെന്നും പ്രമോദ് ദ ക്യുവിനോട് വെളിപ്പെടുത്തി.
എബ്രഹാം & ലിങ്കൺ, ബ്ലാക്ക് സ്റ്റാല്ലിയൺ, ബാങ്കോക്ക് സമ്മർ, മുസാഫിർ തുടങ്ങിയ ചിത്രങ്ങളും പ്രമോദ് പപ്പൻ ഒരുക്കിയിട്ടുണ്ട്. അതേ സമയം ഇരുവരും ചേർന്നൊരുക്കിയ മമ്മൂക്കയുടെ പിറന്നാളിന് അനുബന്ധിച്ച് പുറത്തിറക്കിയ ട്രിബ്യൂട്ട് വീഡിയോ കലാഭൈരവന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. വീഡിയോയ്ക്ക് വേണ്ടി പ്രമോദ് ഡിജിറ്റല്‍ പെയ്ന്റ് ചെയ്ത മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളാണ് പ്രധാനമായും ട്രോള്‍ ചെയ്യപ്പെട്ടത്. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന് സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട് ആയിരുന്നു കലാഭൈരവന്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ പ്രമോദ് പപ്പന്മാര് നീണ്ട കാലം ഗള്‍ഫ് ഷോകളുടെ നേതൃത്വം വഹിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം വിദേശത്ത് സൗഹൃദയാത്രകളുടെയും ഭാഗമാണ് പ്രമോദ് പപ്പന്.