തിയറ്ററുകൾ പൂരപ്പറമ്പാക്കി മോഹൻലാൽ നായകനായി എത്തിയ ‘നേര്’ പ്രദർശനം തുടരുകയാണ്. ആരാധകർ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടനെ തിരിച്ചു തന്ന ജീത്തു ജോസഫിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയയിൽ. നേര് റിലീസ് ചെയ്യുന്നതിന്റെ തലേദിവസം മമ്മൂട്ടിയും മോഹൻലാലിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
നേര് റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ മോഹൻലാലിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നേര് റിലീസ് ആയ ദിവസം നേരിന്റെ പോസ്റ്റർ പങ്കുവെച്ച്, ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് ഡിസംബർ 21ന് ആയിരുന്നു റിലീസ് ആയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.