പിങ്ക് വില്ലയുമായുളള അഭിമുഖത്തില്‍ കംപ്ലീറ്റ് ആക്ടർ മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് മമ്മൂക്ക. പതിറ്റാണ്ടുകളായി പരസ്പര സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും. തങ്ങൾ ഇരുവരും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയതെന്നും അതുകൊണ്ടുതന്നെ 50ൽ അധികം ചിത്രങ്ങൾ ഒന്നിച്ച് ചെയ്യുവാൻ സാധിച്ചു എന്നും മമ്മൂക്ക പറയുന്നു.
തമ്മിൽ മത്സരം ഉണ്ടോ എന്ന ചോദ്യത്തിന് സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തമ്മിൽ മത്സരം ഉണ്ടെന്നും അത് വേണമെന്നും എന്നാൽ ജീവിതത്തിൽ മത്സരം ഇല്ലെന്നും താരം പറയുന്നു. ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്താൻ ഇരിക്കുന്ന ചിത്രം. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.