കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി മലയാള സിനിമയിലെ എക്കാലത്തേയും വലിയ റിലീസായി ആണ് എത്തുക. ഡിസംബർ രണ്ടിന് ലോകം മുഴുവൻ എത്തുന്ന ഈ ചിത്രം അൻപതോളം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഗൾഫിൽ പ്രീ ബുക്കിങ് ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിൽ മരക്കാർ റെക്കോർഡ് ഇടുന്ന കാഴ്ചക്കാണ് ഗൾഫ് രാജ്യങ്ങളിലെ സിനിമാ വിപണി സാക്ഷ്യം വഹിക്കുന്നത്. ഇതിനോടകം യു എ ഇയിൽ മാത്രം അഞ്ഞൂറിലധികം ഷോകളാണ് ഓപ്പൺ ചെയ്തത്. പ്രീമിയർ ഷോകളുടെ എണ്ണം തന്നെ അഞ്ഞൂറ് കടന്നു പുതിയ ചിത്രമാകുന്ന മരക്കാർ, ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം കാണികളെ തീയേറ്ററിലേക്ക് കൊണ്ട് വരുമെന്നാണ് സൂചന. മലയാള സിനിമകളിൽ, അവിടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മോഹൻലാൽ തന്നെ നായകനായ ലൂസിഫർ ആണ്. ഗൾഫിൽ നിന്ന് മാത്രം 40 കോടിയോളം കളക്ഷൻ നേടിയ ലൂസിഫർ, റിലീസ് ചെയ്തു രണ്ടാം ദിനം മാത്രം 90000 ആളുകളെയാണ് തീയേറ്ററിൽ എത്തിച്ചത്.
കേരളത്തിലും വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഫാൻസ് ഷോകളുടെ എണ്ണം ആയിരം ലക്ഷ്യമാക്കി കുതിക്കുമ്പോൾ, ബുക്കിങ് ഓപ്പൺ ആക്കിയ സ്ക്രീനുകളിൽ എല്ലാം ആദ്യ ദിവസത്തെ ടിക്കറ്റുകൾ പൂർണ്ണമായും സോൾഡ് ഔട്ട് ആയി കഴിഞ്ഞു. കൂടുതൽ ഷോകളും സ്ക്രീനുകളും കൂട്ടിച്ചേർക്കുന്ന തിരക്കിലാണ് ഇപ്പോൾ വിതരണക്കാർ. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് നൂറു കോടി രൂപയാണ്. വലിയ ഹൈപ്പാണ് ഈ ചിത്രം ഇതിനോടകം കേരളത്തിന് അകത്തും പുറത്തും സൃഷ്ടിച്ചിരിക്കുന്നത്.