മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം. ഡിസംബർ രണ്ടിന് റിലീസ് ആവുന്ന ഈ ചിത്രം ഇതിനോടകം വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്.
ഇപ്പോൾ തന്നെ ഫാൻസ് ഷോകളുടെ എണ്ണത്തിലും പ്രീ ബുക്കിങ്ങിന്റെ കാര്യത്തിലും റെക്കോർഡ് ഇട്ട ഈ ചിത്രം ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലും തരംഗമാവുകയാണ്. ഇന്ന് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമെന്ന ബഹുമതി ആണ് മരക്കാരിനെ തേടി എത്തിയിരിക്കുന്നത്. ഇനി റിലീസ് ചെയ്യാനുള്ള വമ്പൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമത് എത്തിയ മരക്കാർ പിന്തള്ളിയത്, എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ, അല്ലു അർജുന്റെ പുഷ്പ, ബോളിവുഡ് ചിത്രങ്ങളായ ബണ്ടി ഔർ ബബ്ലി, സത്യമേവ ജയതേ 2 എന്നിവയെ ആണ്. ഇതിനു മുൻപ് ഇത്തരമൊരു നേട്ടം കൈവരിച്ചിട്ടുള്ളതും മോഹൻലാൽ ചിത്രങ്ങളായ ഒടിയൻ, ലൂസിഫർ എന്നിവയാണ്.
ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ആഗോള റിലീസ് ആയിരിക്കും മരക്കാർ നേടുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആറോളം ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഓസ്കാർ അവാർഡിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.