ഇന്ത്യൻ സിനിമയുടെ ചരിത്രം മരക്കാർ മാറ്റിയെഴുതുമെന്ന കാര്യത്തിൽ സംശയമില്ല. ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ – അറബിക്കടലിന്റെ സിംഹം ഗ്രാൻഡ് ട്രയിലർ എത്തി. ഡിസംബർ രണ്ടിന് ചിത്രം റിലീസ് ആകാനിരിക്കേയാണ് ട്രയിലർ എത്തിയിരിക്കുന്നത്. ആരാധകർ ആവേശത്തോടെയാണ് ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ നാൽപ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ലോകമെങ്ങും ചരിത്രം കുറിക്കുകയാണ്.
ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങി മറ്റു വിദേശ രാജ്യങ്ങളിലും വരെ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോസ്, ഫാൻ ഷോസ് ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. കേരളത്തിൽ ആണെങ്കിൽ മുൻപെങ്ങും കാണാത്ത വിധമുള്ള അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബുക്കിങ് ഓപ്പൺ ആക്കുന്ന സ്ക്രീനുകളിൽ എല്ലാം മിനിറ്റുകൾ കൊണ്ട് തന്നെ ടിക്കറ്റുകൾ വിറ്റു തീരുകയാണ്.
പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.