കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളിൽ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുൾപ്പെടെയുള്ള മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ ഈ ചിത്രം അടുത്ത വർഷത്തെ ഓസ്കാർ അവാർഡിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച്, ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നന്ദു സംസാരിക്കുകയാണ്. മലയാള സിനിമയ്ക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, പ്രിയദർശൻ ഒരുപാട് വർഷങ്ങൾക്ക് മുൻപേ തൊട്ടു ആഗ്രഹിച്ച, സ്വപ്നം കണ്ട രീതിയിലുള്ള ഒരു ചിത്രമാണ് മരക്കാർ എന്നും നന്ദു പറയുന്നു. സാമൂതിരിയുടെ മന്ത്രി ആയ കുതിരവട്ടത്തു നായർ എന്ന കഥാപാത്രത്തെ ആണ് താൻ അവതരിപ്പിക്കുന്നതെന്നും തനിക്കു ഏറ്റവും കൂടുതൽ വേഷങ്ങൾ തന്നിട്ടുള്ള സംവിധായകൻ ആണ് പ്രിയദർശൻ എന്നും നന്ദു പറയുന്നു. ഈ ചിത്രം ഉണ്ടായതു തന്നെ ഒരത്ഭുതമായാണ് എന്ന് പറയുന്ന നന്ദു, ഇതിന്റെ വിജയവും മലയാളത്തിലെ ഒരു വലിയ അത്ഭുതമായി മാറട്ടെ എന്നും ആശംസിക്കുന്നു. മോഹൻലാൽ, പ്രിയദർശൻ, ജി സുരേഷ് കുമാർ, ഐ വി ശശി, ത്യാഗരാജൻ മാസ്റ്റർ എന്നിവരുടെ ഒക്കെ കുടുംബം വരെ പൂർണ്ണമായും ഉൾപ്പെട്ട ഒരു ചിത്രമാണ് ഇതെന്നും നന്ദു പറഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകളാണ് മരക്കാർ നേടിയത്. ദേശീയ തലത്തിൽ മികച്ച ചിത്രം, വസ്ത്രാലങ്കാരം, മികച്ച വി എഫ് എക്സ് എന്നീ അവാർഡുകളും മരക്കാർ നേടി.