നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ രണ്ടിന് പുലർച്ചെ തന്നെ തിയറ്ററുകൾ ആവേശത്തിലേക്ക് എത്തി. റിലീസിന് മുമ്പു തന്നെ ചിത്രം റിസർവേഷനിലൂടെ മാത്രം 100 കോടി നേടിയിരുന്നു. ഇപ്പോൾ മരക്കാർ തുടർച്ചയായി 24 മണിക്കൂർ പ്രദർശിപ്പിച്ചതിന്റെ റെക്കോഡുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഒരു തിയറ്റർ.
കോഴിക്കോട് ജില്ലയിലെ കക്കട്ടിലാണ് തുടർച്ചയായി 24 മണിക്കൂർ മരക്കാർ പ്രദർശനം നടന്നത്. കക്കട്ടിലെ ബി എം സിനിമാസിലാണ് മരക്കാറിന്റെ മാരത്തോൺ പ്രദർശനം നടന്നത്. ബി എം സിനിമാസ് കക്കട്ടിൽ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ‘കക്കട്ടിലെ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ തുടർച്ചയായി 24 മണിക്കൂര്‍ #മാരത്തോൺ പ്രദര്‍ശനങ്ങൾ നടത്തി ചരിത്രം രചിച്ച് #മരക്കാർ. ബി.എം.സിനിമാസ് #4K #3D #Dolby #Atmos ല്‍ രണ്ട് സ്ക്രീനിൽ 14 പ്രദര്‍ശനങ്ങള്‍. ഈ ചരിത്രം സമീപ ഭാവിയിൽ മറ്റേതെങ്കിലും സിനിമയ്ക്ക് തിരുത്താൻ കഴിയുമോ എന്നത് സംശയം ആണ്. ഈ ഒരു റിക്കോർഡ് സൃഷ്ടിക്കാൻ ഞങ്ങളെ സഹായിച്ച കക്കട്ട്, തൊട്ടിൽപ്പാലം #മോഹൻലാൽ #ഫാൻസ് പ്രവർത്തകരോടും കക്കട്ടിലെ എല്ലാ #സിനിമാപ്രേമികളോടും. ഒപ്പം ബിഎംൽ ഒരു കുടുംബം പോലെ ഒരുമയോടെ കഴിയുന്ന #ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി നിങ്ങൾ ഏവർക്കും.’
അതേസമയം, കേരളത്തിനു പുറത്തും മരക്കാർ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യു എ ഇയിൽ ആദ്യദിനം മാത്രം 2.98 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്ട്രേലിയയിലും ആദ്യദിനത്തിൽ പുത്തൻ റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്ട്രേലിയൻ സമയം രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്ട്രേലിയൻ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യൻ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്ട്രേലിയൻ ഡോളർ (12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാർ പിന്നിലാക്കിയത്.